"ലോകാസമസ്താഃ സുഖിനോഭവന്തു:"

Sunday 12 April 2015

വാസ്തു
          
       വാസ്തു അനുസരിച്ച് വടക്കും കിഴക്കും ചരിവുള്ള ഭൂമിയില്‍ വീടുവെയ്ക്കുന്നതാണ് ഉത്തമം. വടക്ക് കിഴക്ക് മൂല താഴ്ന്നും തെക്ക് പടിഞ്ഞാറ് മൂല ഉയര്‍ന്നും ഇരിക്കണം. ഭൂമിയുടെ ചരിവിനൊപ്പം വീടിന്റെ തറനിരപ്പും ആയാല്‍ ഉത്തമമായി.  വസ്തുമണ്ഡലം സമച്ചതുരമായിരിക്കണം. ദിക്ക്മൂഡം വരാതിരിക്കാന്‍ ശ്രദ്ധിക്കുക. പിശാച് വീഥി പൂര്‍ണമായും ഒഴിവാക്കുക.  നീളത്തിനും വീതിക്കും ആനുപാതികമായിട്ടായിരിക്കണം വീട് നിര്‍മ്മിക്കേണ്ടത്.
         ദേവാലയത്തിന് സമീപമാണ് വീടുവെയ്ക്കുന്നതെങ്കില്‍ ആരാധനാലയത്തിലേത് ഉഗ്രമൂര്‍ത്തിയാണോ, സൗമ്യമൂര്‍ത്തിയാണോ എന്നത് പരിശോധിക്കണം.   ദേവലായത്തിന് നേരെ വരുന്ന രീതിയില്‍ വീടു വെയ്ക്കരുത്. ഉഗ്രമൂര്‍ത്തിയുടെ നേരെയും വലതുവശത്തുമായി വരുന്നരീതിയിലും വീട് വെയ്ക്കരുതെന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്. സൗമ്യമൂര്‍ത്തിയുടെ ഇടതുവശത്തും പുറകുവശത്തും വീടിന് നല്ല സ്ഥാനമല്ല.
        വീടിന്റെ ദര്‍ശനം, ചുറ്റളവ്, മുറികളുടെ സ്ഥാനം, മുറികളുടെ ചുറ്റളവ്, വീടിന്റെ മധ്യരേഖ കടന്നുപോകാനുള്ള ഒഴിവുകള്‍, പ്രധാന വാതിലിന്റെ സ്ഥാനം എന്നിവയും വാസ്തു അനുസരിച്ച് പ്രാധാന്യമുള്ള കാര്യങ്ങളാണ് വീടിന്റെ മൂലകള്‍ ഒരിക്കലും ഇരുളടഞ്ഞ് കിടക്കരുത്. മൂലകളില്‍ പ്രകാശമെത്തണം. പൂജാ മുറി വീടിന്റെ വടക്ക് കിഴക്ക് ഭാഗത്ത് വരുന്നതാണ് ഉത്തമം. പൂജാമുറിക്കടുത്ത് കുളിമുറിയും കക്കൂസും പാടില്ല.കിഴക്ക് വടക്ക് നിന്നും തെക്ക് പടിഞ്ഞാറേക്ക് ഒരു  നേര്‍രേഖ കൊടുത്താല്‍ കുളിമുറി കക്കൂസുമായി ബന്ധപ്പെട്ടതോന്നും ഉണ്ടാവാന്‍ പാടുള്ളതല്ല. അതുപോലെ കിടപ്പുമുറിയില്‍ ജലസാന്നിധ്യവും ചെടികളും പാടില്ല. 
       കിണറിന്റെ സ്ഥാനം വടക്കുകിഴക്ക് ഭാഗത്തോ അല്ലെങ്കില്‍ വടക്കുഭാഗത്തോ കിഴക്കു ഭാഗത്തോ വരുന്നതാണ് ഉത്തമം(കുംഭം,മീനം,മേടം,ഇടവം എന്നീ രാശികളില്‍). ഒരിക്കലും വടക്ക് പടിഞ്ഞാറോ തെക്ക് പടിഞ്ഞാറോ കിണര്‍ വരരുത്.