"ലോകാസമസ്താഃ സുഖിനോഭവന്തു:"

Tuesday 14 April 2015

അഭിജിത്ത് മുഹൂര്‍ത്തം


   ശുഭ  കര്‍മ്മങ്ങള്‍ആരംഭിക്കുന്നതിനുള്ള  ദോഷരഹിതമായ സമയത്തെയാണ് മുഹൂര്‍ത്തം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. പകലും രാത്രിയുമായി ആകെ 30 മുഹൂര്‍ത്തങ്ങള്‍ആണുള്ളത്. പകലും രാത്രിയും 15 വീ തം. ഒരു മുഹൂര്‍ത്തം സാമാന്യമായി 2 നാഴിക ( 48മിനിറ്റ്) സമയം വരും. ശുഭ മുഹൂര്‍ത്തത്തില്‍     ചെയ്യുന്ന ക്രിയക്ക് പൂര്‍ണ ഫലം ലഭിക്കുമെന്നാണ് ആചാര്യ മതം.മുഹൂര്‍ത്തത്തില്‍  'ശലാകാവേധം' മുതലായവനിര്‍ണയിക്കണ്ട അവസരങ്ങളില്‍  അഭിജിത്തിനെ കണക്കാക്കുന്നു. 
വിവാഹ മുഹൂര്‍ത്തം

       

      

      ഉത്തരായനത്തിലെ നിഷിദ്ധങ്ങളല്ലാത്ത മാസങ്ങളില്‍ ഉത്തമ മുഹൂര്‍ത്തത്തില്‍ വിവാഹം നടത്തിയാല്‍ പുത്രപൌത്രാഭിവൃദ്ധിയും ധനവര്‍ദ്ധനയും ഉണ്ടാവും. കന്നി, മിഥുനം, തുലാം രാശികള്‍ വിവാഹം നടത്താന്‍ അത്യുത്തമങ്ങളാണ്. കര്‍ക്കിടകം, ധനു, മീനം, ഇടവം രാശികളാവട്ടെ മധ്യമവും. ഈ മധ്യമ രാശികള്‍ ശുഭഗ്രഹ സന്നിഹിതങ്ങളാണെങ്കില്‍ ശുഭങ്ങളുമാണ്. അപ്പോഴും മേടവും വൃശ്ചികവും വര്‍ജ്ജ്യങ്ങളായി തന്നെ കണക്കാക്കേണ്ടി വരുന്നു. എന്നാല്‍, ശുഭയോഗ ദൃഷ്ടികളുണ്ടെങ്കില്‍ വൃശ്ചികവും മദ്ധ്യമമായി എടുക്കാവുന്നതാണ്.

        കന്നി, ധനു, കുംഭം, മീനമാസത്തിന്റെ ഉത്തരാര്‍ദ്ധം, കര്‍ക്കിടകം എന്നീ മാസങ്ങളില്‍ വിവാഹം നടത്താന്‍ പാടുള്ളതല്ല. വിവാഹം നടത്തുന്ന സമയം വ്യാഴത്തിനും ശുക്രനും ബാലവൃദ്ധത ഉണ്ടായിരിക്കരുത്.

     ലഗ്നത്തില്‍ ആദിത്യനും ചന്ദ്രനും അഷ്ടമത്തില്‍ രാഹുവും ചൊവ്വായും ഏതെങ്കിലും ഗ്രഹം ഏഴാമിടത്തും നില്‍ക്കുമ്പോള്‍ വിവാഹം നടത്തരുത്. വിവാഹത്തിന് മേടം രാശി സ്വീകരിക്കരുത്. അതേസമയം, ആഴ്ചകളെല്ലാം സ്വീകരിക്കാവുന്നതാണ്.

   രോഹിണി, മകയിരം, മകം, ഉത്രം, അത്തം, ചോതി, അനിഴം, മൂലം, ഉത്രാടം, ഉതൃട്ടാതി, രേവതി എന്നീ 11 നാളുകള്‍ മാത്രമേ വിവാഹത്തിനു സ്വീകരിക്കാവൂ.

മകയിരം-ഉത്രാടം, അഭിജിത്-രോഹിണി, തിരുവോണം-മകം, പുണര്‍തം-മൂലം, ചോതി-ചതയം, ഉത്രം-രേവതി, അത്തം-ഉതൃട്ടാതി, ഭരണി-അനിഴം എന്നീ എട്ട് ജോടി നക്ഷത്രങ്ങള്‍ ശലാകാ വേധമുള്ളതിനാല്‍ ഈ നക്ഷത്ര ജോടിയിലെ ഏതെങ്കിലും ഒരു നക്ഷത്രത്തില്‍ ചന്ദ്രനൊഴിച്ചുള്ള ഒരു ഗ്രഹം നിന്നാല്‍ മറ്റേ നാളും വേധിക്കും. അങ്ങനെ ശലാകാ വേധം വരുന്ന നാള്‍ വിവാഹത്തിനു സ്വീകരിക്കരുത്.

ചന്ദ്രന്‍ നില്‍ക്കുന്ന നക്ഷത്രത്തില്‍ തന്നെ മറ്റൊരു ഗ്രഹം നില്‍ക്കുന്നെങ്കില്‍ ആ നാളും വിവാഹത്തിനു വര്‍ജ്ജ്യമാണ്. ഒരേ നക്ഷത്രത്തിലാണു ചന്ദ്രനും മറ്റൊരു ഗ്രഹവും നില്‍ക്കുന്നതെങ്കിലും രണ്ടു രാശിയിലാണെങ്കില്‍ മധ്യമമായി സ്വീകരിക്കാം. വധൂവരന്മാരുടെ ജന്മക്കൂറില്‍ നിന്ന് ഏഴാം രാശി ശുദ്ധമായിരിക്കുകയും വേണം.

പാണിഗ്രഹണം നടത്തുന്നതും താലികെട്ടുന്നതും ഒരേ രാശിയില്‍ തന്നെയാവണം. മുഹൂര്‍ത്ത രാശിയുടെ അഷ്ടമത്തില്‍ കുജനും രാഹുവും പാടില്ല. അര്‍ദ്ധരാത്രിയില്‍ വിവാഹം നടത്തരുത്. നിത്യദോഷങ്ങളില്‍ അഷ്ടമി വര്‍ജ്ജ്യമാണെങ്കിലും വിവാഹം കൃഷ്ണപക്ഷത്തിലെ അഷ്ടമി ദിവസം നടത്തുന്നത് ശുഭമാണ്. പൌര്‍ണമി ദിവസം മധ്യമമായി സ്വീകരിക്കാം.

മേടം രാശി വിവാഹത്തിനു വര്‍ജ്ജിക്കണമെന്ന് മുമ്പ് സൂചിപ്പിച്ചുവല്ലോ. വൃശ്ചിക രാശിയും ശുഭമല്ലെന്നതു കൂടി കണക്കിലെടുക്കണ്ടതാണ്. എങ്കിലും ശുഭയോഗ ദൃഷ്ടികളുണ്ടെങ്കില്‍ വൃശ്ചികം രാശി മധ്യമമായി സ്വീകരിക്കാവുന്നതാണ്.വധുവിന്റെ ജനമാനുജന്മ നക്ഷത്രങ്ങളില്‍ വിവാഹം നടത്തുന്നത് ശുഭമാണ്. 
ഗൃഹാരംഭ മുഹൂര്‍ത്തം


          ഏതൊരാളിന്റെയും ജീവിതകാലത്തുള്ള അഭിലാഷപൂര്‍ത്തീകരണങ്ങളില്‍ ഒന്നാണല്ലോ സ്വന്തമായി ഗൃഹം നിര്‍മ്മിക്കുക എന്നത്‌. സാധാരണക്കാരന്റെ വരുമാനപരിധിയില്‍നിന്നുകൊണ്ട്‌ ഐശ്വര്യപ്രദമായ ഒരു വാസസ്‌ഥാനം ഉണ്ടാക്കുമ്പോള്‍ ആദ്യമായി അനുയോജ്യമായ ഭൂമി തെരഞ്ഞെടുക്കണം. ഗൃഹാരംഭത്തിനു പറഞ്ഞിട്ടുള്ള ശാസ്‌ത്രവചനങ്ങള്‍ ഏറിയകൂറും അനുയോജ്യമായി വരുന്ന തീയതി തന്നെ നിശ്‌ചയിച്ച്‌ ഗൃഹാരംഭം കുറിക്കണം.
മാസങ്ങള്‍
        മേടം, ഇടവം മാസങ്ങള്‍ ധനസമൃദ്ധിയും ഐശ്വര്യവും പ്രദാനം ചെയ്യുന്നു. മിഥുനമാസം ശോഭനമല്ല. കര്‍ക്കടകം എല്ലാ വിധത്തിലുമുള്ള നന്മയുമുണ്ടാക്കും. ചിങ്ങമാസത്തില്‍ ഭൃത്യഗുണം, കന്നിമാസത്തില്‍ രോഗദുഃഖവും, തുലാത്തില്‍ സൗഖ്യവും, വൃശ്‌ചികമാസത്തില്‍ ധനധാന്യസമൃദ്ധിയുമുണ്ടാകും. ധനുമാസം വലുതായ നാശത്തെയുണ്ടാക്കും. മകരത്തില്‍ രത്നലാഭവും കുംഭത്തില്‍ സര്‍വ്വഐശ്വര്യങ്ങളും മീനത്തിലായാല്‍ ദുഃസ്വപ്‌നദര്‍ശനവും ഫലങ്ങളായി ശാസ്‌ത്രം പറയുന്നു.
നക്ഷത്രങ്ങള്‍
       അശ്വതി, രോഹിണി, ഉത്രം, ഉത്രാടം, ഉത്രട്ടാതി, മകയിരം, ചോതി, അത്തം, പുണര്‍തം എന്നീ നക്ഷത്രങ്ങള്‍ ഗൃഹാരംഭത്തിന്‌ ഉത്തമങ്ങളാണ്‌. ഊണ്‍നാളുകളും ആപല്‍പക്ഷത്തില്‍ എടുക്കാറുണ്ട്‌.
രാശികള്‍
              ഇടവം, മിഥുനം, ചിങ്ങം, കന്നി, വൃശ്‌ചികം, ധനു, കുംഭം, മീനം എന്നീ എട്ടുരാശികള്‍ ഗൃഹാരംഭരാശികളാണ്‌. സ്‌ഥിരരാശികള്‍ അത്യുത്തമങ്ങളാണ്‌.
ആഴ്‌ചകള്‍
          തിങ്കള്‍ , ബുധന്‍ , വ്യാഴം, വെള്ളി, ശനി എന്നീ അഞ്ചുദിവസങ്ങള്‍ ഉത്തമങ്ങളാണ്‌. ഞായര്‍, ചൊവ്വ ദിവസങ്ങള്‍ വര്‍ജ്‌ജ്യങ്ങളാണ്‌.
വാസ്‌തുപുരുഷന്‍ ഉണരുന്ന സമയം
            മേടം 10-ആം തീയതി 5-ാം നാഴികയ്‌ക്കും ഇടവം 21-ാം തീയതി 8-ാം നാഴികയ്‌ക്കും കര്‍ക്കടകം 11-ാം തീയതി 2-ാം നാഴികയ്‌ക്കും ചിങ്ങം 6-ാം തീയതി 1-ാം നാഴികയ്‌ക്കും തുലാം 11-ാം തീയതി 2-ാം നാഴികയ്‌ക്കും വൃശ്‌ചികം 8-ാം തീയതി 10-ാം നാഴികയ്‌ക്കും മകരം 12-ാം തീയതി 8-ാം നാഴികയ്‌ക്കും കുംഭം 20-ാം തീയതി 8-ാം നാഴികയ്‌ക്കും വാസ്‌തുപുരുഷന്‍ നിദ്രവിടുന്നു. ദന്തശുദ്ധി, സ്‌നാനം, പൂജ, ഭോജനം, താംബൂലചര്‍വ്വണം എന്നീ കാര്യങ്ങള്‍ ഉണര്‍ന്നശേഷം മൂന്നേമുക്കാല്‍ നാഴികകൊണ്ടു നിര്‍വ്വഹിക്കുന്നു. അതില്‍ താംബൂലചര്‍വ്വണം നടത്തുന്ന സമയം ഗൃഹാരംഭത്തിന്‌ ഏറ്റവും ശുഭമാണ്‌. ഭോജന സമയവും നല്ലതായി കണക്കാക്കുന്നു.(മുഹൂര്‍ത്തം ഗണിക്കുമ്പോള്‍ കര്‍ത്രുനക്ഷത്രം വേധനക്ഷത്രം ആണെങ്കില്‍ ഒഴിവാക്കണം)
ഗൃഹാരംഭത്തിന്‌ വര്‍ജ്‌ജ്യമായ സമയങ്ങള്‍
      എല്ലാ മുഹൂര്‍ത്തങ്ങള്‍ക്കും വര്‍ജ്‌ജ്യങ്ങളായ ഉല്‍ക്ക ഭൂകമ്പം, ഗ്രഹണം, ഗുളികോദയം, ആറെട്ടു പന്ത്രണ്ട്‌ രാശികളില്‍ ചന്ദ്രന്‍ നില്‍ക്കുന്ന സമയം, പാപദൃഷ്‌ടിയുള്ള രാശി, പാപന്മാര്‍ നില്‍ക്കുന്ന രാശി, ഗ്രഹം കടന്നുപോയ രാശി, ശുക്രദൃഷ്‌ടി, സന്ധ്യാകാലം, അശുഭയോഗം, ഗണ്ഡാന്തം, ഉഷ്‌ണം, വിഷം, സ്‌ഥിരകരണം, രിക്‌ത, അഷ്‌ടമി, വിഷ്‌ടി, ലാടവൈധൃതങ്ങള്‍ ഏകാര്‍ഗ്ഗളം, അഹിമസ്‌തകം എന്നീ ദോഷങ്ങള്‍ ഗൃഹാരംഭ മുഹൂര്‍ത്തത്തിന്‌ വര്‍ജ്‌ജിക്കണം. ഗൃഹാരംഭത്തിന്‌ എടുക്കുന്ന ലഗ്നരാശിയുടെ നാലാംഭാവത്തില്‍ ഗ്രഹങ്ങളൊന്നും പാടില്ല. പ്രത്യേകിച്ച്‌ പാപഗ്രഹങ്ങള്‍. അഷ്‌ടമത്തില്‍ ചൊവ്വയും വര്‍ജ്‌ജിക്കണം.
ഗൃഹാരംഭമുഹൂര്‍ത്തം നിശ്‌ചയിക്കുമ്പോള്‍ സാമാന്യമായി ചിന്തിക്കേണ്ട സംഗതികള്‍ ഇവയൊക്കെയാണ്‌. മുഹൂര്‍ത്തശാസ്‌ത്രഗ്രന്ഥങ്ങളില്‍ വിവരിക്കുന്ന ഗുണദോഷങ്ങള്‍ പൂര്‍ണ്ണമായി മനസ്സിലാക്കി കൃത്യമായി നിര്‍ണ്ണയിക്കുന്ന ശുഭമുഹൂര്‍ത്തത്തില്‍ ഗൃഹാരംഭം ചെയ്‌താല്‍ ശുഭഫലങ്ങളും ഐശ്വര്യാഭിവൃദ്ധിയും സന്താനഗുണവും ഫലമാകും.


വിഷുഫലം.


അശ്വതി.
പലവിധ കാരണങ്ങളാല്‍ നീണ്ടുപോയ പല നല്ല കാര്യങ്ങളും പ്രാബല്യത്തിലാകും. വിവാഹകാര്യത്തില്‍ അനുകൂലസാഹചര്യം സംജാതമാകും. വാഹനങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്താലും അപകടങ്ങളില്‍ നിന്നും സര്‍വ്വേശ്വരന്‍ കൈപിടിച്ച് രക്ഷപ്പെടുത്തും. കമനീയമായ സംഗതികള്‍ പലതും താമസസ്ഥലത്ത് സംഘടിപ്പിക്കും. ഗൃഹനിര്‍മ്മാണവും സാഫല്യത്തില്‍ എത്തുന്നതായിരിക്കും.

ഭരണി.
സന്താനങ്ങളുടെ കാര്യത്തില്‍ സന്തോഷവാര്‍ത്ത കേള്‍ക്കും. സത്യസന്ധതയ്ക്ക് പേര് കേള്‍ക്കും. വിഷകരമായ ജന്തുക്കളെയും ജീവികളെയും അകറ്റിനിര്‍ത്തണം. ദൂരെദേശങ്ങള്‍ സന്ദര്‍ശിക്കും. കോടതി നടപടികളുമായി നില്‍ക്കുന്നവര്‍ക്ക്‌ വിജയം കൈവരിക്കാനാകും.

കാര്‍ത്തിക.
സന്താനങ്ങളുടെ കാര്യത്തില്‍ അശ്രാന്തപരിശ്രമം വേണ്ടി വരുന്നതാണ്. ചെക്ക്, ജാമ്യം, മദ്ധ്യസ്ഥത എന്നിവയില്‍ നിന്നും തിക്താനുഭവം വരുമെന്നതിനാല്‍ രണ്ടുവട്ടം ആലോചിച്ച് വേണ്ടത്‌ ചെയ്യണം. കുടുംബത്ത് അപ്രതീക്ഷിതമായ രോഗവും അതുവഴി ധനനഷ്ടവും സംഭവിക്കും. വിവാഹകാര്യത്തില്‍ അനുകൂലമായി കാര്യങ്ങള്‍ നടക്കും. വാഹനങ്ങള്‍ എടുക്കുമ്പോള്‍ സകല പരിമിതികകളും റിപ്പയറിംഗുകളും മനസ്സിലാക്കി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ധനനഷ്ടം സംഭവിക്കും. സാധനങ്ങള്‍ ശ്രദ്ധയോടെ വെച്ചില്ലെങ്കില്‍ മോഷണം പോകാനും ന്യായം കാണുന്നു. ശ്രദ്ധിക്കണം. പ്രേമനൈരാശ്യം പ്രാബല്യത്തില്‍ വരും.

രോഹിണി.
അടുത്തബന്ധുക്കളുടെ വിയോഗം മാനസികമായി തളര്‍ത്തും. ലളിതകലകളുമായി ബന്ധപ്പെട്ട് പേരും പ്രശസ്തിയും നേടും. സ്വഗൃഹം വിട്ടുള്ള താമസം അസ്വസ്ഥതയുണ്ടാക്കും. പുരസ്ക്കാരം ലഭിക്കാന്‍ സാദ്ധ്യത. പലവിധ വിഷമതകളും അവസാനം മാനസികപിരിമുറുക്കത്തില്‍ കൊണ്ടെത്തിക്കാതെ നോക്കേണ്ടതുണ്ട്. വാഹങ്ങളില്‍ നിന്നും ഉയരത്തില്‍ നിന്നും വീണ് ശരീരത്തില്‍ ക്ഷതം സംഭവിക്കാം. സൂക്ഷിക്കണം.

മകയിരം.
പലവിധമായ തടസ്സങ്ങളും കൊണ്ട് മാനസികമായി തകരും. ദാമ്പത്യബന്ധം ഉലയാതെ ശ്രദ്ധിക്കണം. പലവിധമായ കച്ചവടങ്ങളിലൂടെ ധനാഗമം ഉണ്ടാകും. ദൂരെദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനും യോഗം. ഭൂമി ലാഭം ഉണ്ടാകും.

തിരുവാതിര.
സഹായിക്കാനായി ചെന്ന് അവസാനം പുലിവാല്‍ പിടിച്ച അവസ്ഥയുണ്ടാകും. ആശുപത്രിവാസം തീര്‍ച്ചയായും സംഭവിക്കും. കോടതിയില്‍ നിന്നും അനുകൂല തീരുമാനം ലഭിക്കും. പുതിയ ഭവനം ഫലത്തില്‍ വരും. വിശ്വസിച്ച കൂട്ടാളി തെറ്റിപ്പിരിയും.

പുണര്‍തം.
രാഷ്ട്രീയക്കാര്‍ക്ക്‌ ശുഭകരം. ജോലിയില്‍ കര്‍ക്കശനിലപാടുകാരണം പലരും പരാതിപ്പെടും. എവിടെയും വിജയം വരിക്കും. എന്നാല്‍ പലതും മോഷണം പോകും. സമൂഹത്തിലെ വലിയവരുമായി ഉടലെടുക്കുന്ന സൗഹൃദം സന്തോഷം ജനിപ്പിക്കും.

പൂയം.
അനുകൂലസമയം. സര്‍ക്കാര്‍ ജോലി പ്രതീക്ഷിക്കുന്നവര്‍ക്ക് അനുകൂല മറുപടി ലഭിക്കും. വിഷമയമായ സംഗതികളില്‍ നിന്നും വിട്ടുനില്‍ക്കണം. സംശയമുള്ളവര്‍ നല്‍കുന്ന ഭക്ഷണം സന്തോഷത്തോടെ ഒഴിവാക്കണം. ചിക്കന്‍പോക്സ് മുതലായ രോഗങ്ങള്‍ക്കും സാദ്ധ്യത. പുതിയ പ്രണയം ആരംഭിക്കാന്‍ ന്യായം കാണുന്നു. അമിതമായ ആത്മവിശ്വാസവും അത് തകരുമ്പോഴുള്ള ദേഷ്യവും നിങ്ങളെ കുഴപ്പത്തില്‍ ചാടിക്കും. സന്താനങ്ങളുടെ കാര്യത്തില്‍ വിഷമം.

ആയില്യം.
അപ്രതീക്ഷിതമായി പലവിധ സമ്മാനങ്ങളും ലഭിക്കും. ഗൃഹലാഭം ഫലത്തില്‍ വരും. തെറ്റുകള്‍ ചെയ്യാനുള്ള പ്രേരണയില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാന്‍ മനസ്സിനെ പഠിപ്പിക്കണം. അത് ഗുണം ചെയ്യും. പുതിയ സംരംഭങ്ങളുടെ സാരഥിയാകാനും സാദ്ധ്യത കൂടുന്നു. ദൂരെദേശഗമനം ഫലത്തില്‍ വരും. വാഹങ്ങളില്‍ നിന്നും തിക്താനുഭവം ഉണ്ടാകും.
.
മകം.
ഇത് പ്രേമകാര്യങ്ങളില്‍ തീരുമാനമാകുന്ന കാലം ആയിരിക്കും. ജോലിയില്‍ എപ്പോഴും പിരിമുറുക്കം ആയിരിക്കും. അശ്രദ്ധയോടെയുള്ള കൈകാര്യം മൂലം പലവിധ നഷ്ടങ്ങളും സംഭവിക്കും. അസുഖം പ്രത്യേകിച്ച് ഹൃദയസംബന്ധിയായ രോഗം ഉണ്ടാകുമെന്നതിനാല്‍ ചിട്ടയോടെയുള്ള എക്സര്‍സൈസ് ചെയ്യുന്നത് ഗുണം ചെയ്യും. സകല വിഷമഘട്ടത്തിലും രക്തബന്ധുക്കള്‍ സഹായിക്കാനായി ഓടിയെത്തും. പുതിയ വാഹനം, വസ്തു എന്നിവയില്‍ കമ്പം തോന്നും.

പൂരം.
മംഗളകരമായ പല കാര്യങ്ങളും നടക്കും. പുതിയ പല സംരംഭങ്ങളും ആരംഭിക്കും. എന്നിരിക്കിലും മനോവിഷമം വിടാതെ പിന്തുടരും. പറയുന്ന കാര്യം വിശ്വസിക്കുന്നതിനുമുമ്പ്‌ അവയുടെ നിജസ്ഥിതി അന്വേഷിക്കുന്നത് നല്ലതായിരിക്കും.

ഉത്രം.
ദൂരെദേശയാത്ര ഫലത്തില്‍ വരും. ഏറ്റവും അടുത്തവര്‍ അവസാനനിമിഷം വാക്ക്‌ മാറ്റും. കരുതിയിരിക്കണം. എവിടെയും വിജയം വരിക്കും. പലവിധ ചിന്തകളിലൂടെ കടന്നുപോകുന്ന മനസ്സ്‌ അവസാനം പിടിവിട്ടുപോകുന്ന സ്ഥിതിയില്‍ കൊണ്ടെത്തിക്കരുത്. പെണ്‍കുട്ടികള്‍ക്ക് പലവിധ രഹസ്യരോഗങ്ങളും ഉണ്ടാകുന്നതാണ്. സൗഹൃദയങ്ങള്‍ തകര്‍ന്നുപോകും.

അത്തം.
ദൂരെദേശഗമനം. പോരാടിനിന്ന സകലതിലും വിജയിക്കും. പുതിയ തൊഴിലില്‍ പ്രവേശിക്കാനും കാലം അനുകൂലമായിരിക്കും. വിവാഹകാര്യത്തില്‍ നല്ല തീരുമാനം. രോഗശമനം നേടും. എവിടെയും തന്‍റേതായ വ്യക്തിമുദ്ര പതിപ്പിക്കും. സൗഹൃദങ്ങള്‍ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ അത് ദോഷകരമായി ഭവിക്കും. നീണ്ടുപോയ കേസ്സുകളില്‍ ശുഭകരമായ വിധിയുണ്ടാകും. സ്ത്രീകള്‍ അസമയത്തും അപരിചിതമായ സ്ഥലത്തും അതീവ ശ്രദ്ധയോടെ പോകുന്നത് നല്ലതായിരിക്കും.

ചിത്തിര.
വാചകത്തില്‍ പലരെയും മലര്‍ത്തിയടിക്കും. ഇഷ്ടതൊഴിലില്‍ ഉന്നതിയുണ്ടാകും. കുടുംബവുമായുള്ള സാമ്പത്തിക തര്‍ക്കം നീണ്ടുപോകും. എന്നാല്‍ മറ്റുള്ളവരുമായുള്ള സാമ്പത്തികതര്‍ക്കം ന്യായമായി പരിഹരിക്കും. യാത്രകള്‍ പോകുന്നതിനുമുമ്പ്‌ ഇഷ്ടദൈവത്തെ പ്രാര്‍ത്ഥിക്കുന്നത് അതീവഗുണപ്രദം. കാരണം, അപകടസാദ്ധ്യതയുണ്ട്. സ്ത്രീകള്‍ അസമയത്തും അപരിചിതമായ സ്ഥലത്തും അതീവ ശ്രദ്ധയോടെ പോകുന്നത് നല്ലതായിരിക്കും.

ചോതി.
ചിന്തിക്കാതെയുള്ള എടുത്തുചാട്ടം വലിയ നഷ്ടം വരുത്തിവെക്കും. കുടുംബത്തിനുവേണ്ടി എല്ലാം മറന്ന് പ്രവര്‍ത്തിക്കും. എത്രയൊക്കെ കഷ്ടപ്പെട്ടാലും ഏതോ അദൃശ്യശക്തി പിന്നെയും ഒരുപാട് ശക്തി നല്‍കുന്നതായി തോന്നും. കഴുത്തിനുമുകളില്‍ രോഗം വരാതെ ശ്രദ്ധിക്കണം. അപ്രതീക്ഷിത ധനാഗമം സംഭവിക്കും. കീഴ്‌ജീവനക്കാര്‍ ചെയ്യുന്ന കാര്യങ്ങളില്‍ പ്രത്യേകശ്രദ്ധ വേണ്ടിവരും. ഇല്ലെങ്കില്‍ പിന്നെ വിഷമിക്കേണ്ടിയും വരും.

വിശാഖം.
വിവാഹകാര്യത്തില്‍ അനുകൂലസ്ഥിതിയുണ്ടാകും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കും. മാനസികപിരിമുറുക്കം ഒരുപരിധി കഴിഞ്ഞാല്‍ മോശം അവസ്ഥയില്‍ കൊണ്ടെത്തിക്കും. സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടാകും. സ്വഭവനത്ത് നിന്നും ഇറങ്ങുന്നതിനുമുമ്പ്‌ 'ഓം നമ:ശിവായ' 108 ഉരു ജപിക്കണം. അല്ലെങ്കില്‍ മഹാസുദര്‍ശനമന്ത്രം മൂന്നുരു ജപിക്കണം. കാരണം, അപ്രതീക്ഷിതമായ പലതും സംഭവിച്ചേക്കാം. വിഷസംയുക്തമായ സംഗതികളില്‍ നിന്നും മനസ്സിനെ ഒഴിച്ചുനിര്‍ത്താന്‍ മനസ്സിലെ പഠിപ്പിക്കണം.

അനിഴം.
അപ്രതീക്ഷിതമായി ചില പ്രത്യേക ജീവിതരീതികള്‍ അവലംബിക്കുന്നതിനാല്‍ ആരോഗ്യം പുഷ്ടിപ്പെടും. ദീരെദേശയാത്രയും വാഹനവും തുടങ്ങിയ എല്ലാ കാര്യങ്ങളിലും സന്തോഷം ലഭിക്കും. വന്യജീവികളില്‍ നിന്നും വാഹനത്തില്‍ നിന്നും തിക്താനുഭവം ഉണ്ടാകും. പല വഴക്കുകളിലും ഇടപെടേണ്ടി വരും. ഭവനത്തിനും കാലം അനുകൂലം.

കേട്ട.
ദൂരെയാത്രയും പുതിയ സംരംഭങ്ങളും സന്തോഷം ജനിപ്പിക്കും. അസത്യപ്രചരണങ്ങളില്‍ മനോവിഷമം സംഭവിക്കും. ഇടിമിന്നല്‍ മൂലം നാശനഷ്ടങ്ങള്‍ക്ക് സാദ്ധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. ആയുധങ്ങളുമായി ബന്ധപ്പെടുന്നത് കുഴപ്പമുണ്ടാക്കും. തര്‍ക്കങ്ങളില്‍ നിന്നും രക്ഷനേടുന്നതിനായി പോലീസ്‌ സംരക്ഷണം വരെ തേടിയേക്കാം.

മൂലം.
തൊഴില്‍ വിജയം ഉണ്ടാകും. സദസ്സിനെ അഭിസംബോധന ചെയ്യുന്നതിനുള്ള അവസരം സംജാതമാകും. അപ്രതീക്ഷിത ധനാഗമം പ്രതീക്ഷിക്കാവുന്നതാകുന്നു. ദാമ്പത്യസുഖക്കുറവ് ഫലത്തില്‍ വരും. കുടുംബത്ത്‌ പലവിധമായ പകര്‍ച്ചവ്യാധികള്‍ പിടിപെടുന്ന സാഹചര്യം ഒഴിവാക്കണം.

പൂരാടം.
വിവാഹകാര്യത്തില്‍ തീരുമാനമാകും. പലവിധ കഷ്ടകളിലൂടെ സഞ്ചരിക്കേണ്ടിവരും. ജോലി സ്ഥിരപ്പെടാന്‍ സാദ്ധ്യത കൂടുന്നു. ചര്‍ച്ചകളില്‍ വിജയം വരിക്കും. സ്വഭവനത്ത് സന്തോഷകരമായ വാര്‍ത്തകള്‍ക്ക് കാലം അനുകൂലം. ജീവിതവിജയത്തിനായി കഠിനാദ്ധ്വാനം ചെയ്യേണ്ടി വരും.
.
ഉത്രാടം.
ദൂരെയാത്ര അനുഭവത്തില്‍ വരും. പുതിയ മേഖലകളില്‍ സഞ്ചരിക്കാന്‍ തോന്നുകയും അത് വിജയിപ്പിക്കുകയും ചെയ്യും. മറ്റുള്ളവരുടെ യാതൊരുവിധമായ കാര്യത്തിലും ഇടപെടരുത്. അത് വലിയ നാണക്കേടിന് വഴിവെക്കുന്നതായിരിക്കും. ഏറ്റുപോയ പല കാര്യങ്ങളും പകുതിവെച്ച് മുടങ്ങും. എന്നിരിക്കിലും പുതിയ ഭവനനിര്‍മ്മാണത്തിനും കാലം അനുകൂലം.

തിരുവോണം.
വിവാഹകാര്യങ്ങളില്‍ അനുകൂല തീരുമാനം. സ്വഭവനത്തുനിന്നും ഇറങ്ങുന്നതിനുമുമ്പ്‌ മഹാവിഷ്ണുവിനെ ഭജിച്ചുകൊണ്ട് മൂന്നുരു മഹാസുദര്‍ശനം ജപിക്കണം. അത് അപകടങ്ങളില്‍നിന്നും താങ്കളെ രക്ഷപ്പെടുത്തും. പ്രണയവും ദാമ്പത്യവിജയവും മനസ്സിനെ സന്തോഷഭരിതമാക്കും. അസുഖം വന്നാലുടന്‍ വിദഗ്ദ്ധചികിത്സ തേടണം.

അവിട്ടം.
സംശയം മൂലം ദാമ്പത്യജീവിതത്തില്‍ വിള്ളല്‍ വീഴാതെ ശ്രദ്ധിക്കണം. പുതിയ പല മേഖലകളിലും ചെന്നെത്തും. നൂതന സംരഭങ്ങളില്‍ പങ്കാളിയാകും. ജീവിതപ്രയാസവും മാനസികസംഘര്‍ഷവും മൂലം തെറ്റായ ജീവിതരീതിയിലേക്ക്‌ പോകാതെ മനസ്സിനെ പിടിച്ചുനിര്‍ത്താന്‍ പരിശീലിക്കണം. വിവാഹകാര്യം നീണ്ടുപോകാനുള്ള സാദ്ധ്യതയുമുണ്ട്.

ചതയം.
പുതിയ പല പദ്ധതികളും ആരംഭിക്കും. അവ വിജയിക്കുകയും ചെയ്യും. അപ്രതീക്ഷിത ധനാഗമയോഗം കൊണ്ട് സാമ്പത്തികമായി കരകയറും. ഭൂമിയുമായി ബന്ധപ്പെട്ട് ലാഭം കൊയ്യും. പ്രകൃതിയുമായി നീതി പുലര്‍ത്തിയില്ലെങ്കില്‍ പിന്നെ ദു:ഖിക്കേണ്ടി വരും. സമുദ്രം, നദി എന്നിവയില്‍ നിന്നും അപായം വരാതെ പ്രത്യേകം ശ്രദ്ധിക്കണം. മദ്യപിച്ചുകൊണ്ട് ജാലശയങ്ങളുടെ അടുത്തുപോലും പോകരുത്. വൃത്തിയില്ലായ്മയും ശ്രദ്ധയില്ലായ്മയും മൂലം പലവിധ രോഗങ്ങളും സംഭവിക്കും.
പൂരുരുട്ടാതി.
നൂതന സംരംഭങ്ങള്‍ ആരംഭിക്കും. പല സ്ഥലങ്ങളിലും മത്സരിച്ച് വിജയിക്കും. ദൂരെയാത്ര വേണ്ടിവരും. കുടുംബാംഗങ്ങളുടെ വിയോഗത്തില്‍ ദു:ഖിക്കേണ്ടതായി കാണുന്നു. അസുഖം കാരണം മാനോദു:ഖം ഉണ്ടാകും. കുടുംബത്ത് പകര്‍ച്ചവ്യാധി ഉണ്ടാകും. അതീവപ്രാധാന്യമുള്ള ഒരാളുമായി സംവദിക്കും.

ഉതൃട്ടാതി.
ജീവിതം മൊത്തത്തില്‍ മാറിമറിയും. പുതിയ പല പദ്ധതികളും വീട്ടിലും നാട്ടിലും സ്വന്തമായും അവതരിപ്പിച്ച് വിജയിപ്പിക്കും. മംഗളകര്‍മ്മങ്ങള്‍ സ്വഭവനത്തില്‍ നടക്കും. വന്യമൃഗങ്ങളുമായി ഇടപെടുന്നത് കുഴപ്പമുണ്ടാക്കും. അസുഖം മനസ്സിലാക്കാനായി പലവിധമായ ടെസ്റ്റുകളും നടത്തേണ്ടി വരും. വെറുതെ ചെന്ന് കുറ്റം ഏല്‍ക്കുന്ന മനോഭാവം ഉണ്ടാക്കരുത്.

രേവതി.
കാലാവസ്ഥാവ്യതിയാനം അനുസരിച്ച് മാത്രം പുതിയ പദ്ധതികള്‍, യാത്രകള്‍ എന്നിവ ആവിഷ്ക്കരിക്കണം. ഇല്ലെങ്കില്‍ നാശം വളരെ വലുതായിരിക്കും. ചെക്ക്, ജാമ്യം, മദ്ധ്യസ്ഥത എന്നിവ മൂലം പിന്നെ ദു:ഖിക്കേണ്ടി വരരുത്. സമൂഹത്തില്‍ ഉയര്‍ന്ന വ്യക്തികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഭാഗ്യം സിദ്ധിക്കും. കുടുംബത്ത് സന്തോഷകരമായ ചടങ്ങുകള്‍ നടക്കും.


വിഷു
       


     കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ്‌ വിഷുക്കണി ഒരുക്കുവാനും അത്‌ കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും ഉപയോഗിച്ച്‌ പാതി നിറച്ച്‌, കൂടെ അലക്കിയ , മുണ്ടും, പൊന്നും, വാൽക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ്‌ വിഷുക്കണി ഒരുക്കുക. കണിക്കൊന്ന പൂക്കൾ വിഷുക്കണിയിൽ നിർബന്ധമാണ്‌. ഐശ്വര്യസമ്പൂർണ്ണമായ അതായത്‌ പ്രകാശവും, ധനവും, ഫലങ്ങളും, ധാന്യങ്ങളും എല്ലാം ചേർന്ന വിഷുക്കണി കണ്ടുണരുമ്പോൾ, പുതിയൊരു ജീവിതചംക്രമണത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക.
       ചിലയിടങ്ങളിൽ കുറിക്കൂട്ടും, ഗ്രന്ഥവും, വെള്ളിപ്പണം, ചക്ക, മാങ്ങ മുതലായവയും കണിക്ക് വെയ്ക്കാറുണ്ട്‌. കത്തിച്ച ചന്ദനത്തിരിയും, വെള്ളം നിറച്ച ഓട്ടുകിണ്ടിയും,പുതിയ കസവുമുണ്ടും അടുത്തുണ്ടാവണം എന്നാണ്‌ പറയുന്നത്‌.
      പ്രായമായ സ്ത്രീ രാത്രി കണി ഒരുക്കി ഉറങ്ങാൻ കിടക്കും. പുലർച്ചെ എഴുന്നേറ്റ് കണികണ്ട്, മറ്റുള്ളവരെ കണികാണിക്കും.ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി പുറകിൽ നിന്നും കണ്ണുപൊത്തി കൊണ്ടുപോയാണ്‌ കണികാണിക്കുന്നത്‌. കുടുംബാംഗങ്ങൾ എല്ലാവരും കണികണ്ടാൽ പിന്നെ വീടിന്റെ കിഴക്കുവശത്ത്‌ കണികൊണ്ടുചെന്ന് പ്രകൃതിയെ കണികാണിക്കണം, അതിനു ശേഷം ഫലവൃക്ഷങ്ങളേയും, വീട്ടുമൃഗങ്ങളേയും കണികാണിക്കുന്നു.
      കണി കണ്ടതിനുശേഷം ഗൃഹനാഥൻ കുടുംബാംഗങ്ങൾക്ക് നൽകുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം എന്നറിയപ്പെടുന്നത്. ആദ്യകാലങ്ങളിൽ സ്വർണ്ണം, വെള്ളി എന്നിവയിൽ ഉണ്ടാക്കിയ നാണയങ്ങൾ ആയിരുന്നു നൽകിയിരുന്നത്. വർഷം മുഴുവനും സമ്പൽ സമൃദ്ധി, ഐശ്വര്യം എന്നിവ ഉണ്ടാകട്ടേ എന്ന് അനുഗ്രഹിച്ചുകൊണ്ടാണ് കൈനീട്ടം. നൽകുനത്. പ്രായമായവർ പ്രായത്തിൽ കുറവുളവര്‍ക്കാണ് സാധാരണ കൈനീട്ടം നൽകുന്നത് എങ്കിലും ചില സ്ഥലങ്ങളിൽ പ്രായം കുറഞ്ഞവർ മുതിർന്നവർക്കും കൈനീട്ടം നൽകാറുണ്ട്.


ധര്‍മ്മദൈവങ്ങള്‍



              പാരമ്പര്യമായി കുടുംബത്തില്‍ വച്ച് പൂജിച്ചുകൊണ്ടിരിക്കുന്നതോ  പൂര്‍വികര്‍ ആരാധിച്ചു വരുന്നതോ ആയ ദേവതകളാണ് ധര്‍മ്മദൈവങ്ങള്‍ എന്നറിയപ്പെടുന്നത്. ജാതകത്തിലും പ്രശ്നത്തിനും നാലാം ഭാവം കൊണ്ടാണ് ധര്‍മ്മദൈവത്തെ നിര്‍ണ്ണയിക്കുന്നത്. ധര്‍മ്മദൈവബാധയുള്ള കുടുംബങ്ങളില്‍ ദുരിതങ്ങളും രോഗങ്ങളും അപകടങ്ങളും സംഭവിക്കാം. കുടുംബപുരോഗതിയും ഐശ്വര്യവും തടസ്സപ്പെടുത്തുന്ന ധര്‍മ്മദൈവദോഷം എത്രയും വേഗം പരിഹരിക്കപ്പെടെണ്ടതാണ്. നമ്മുടെ പ്രവൃത്തികള്‍ ജയിക്കുന്നതിനും ജാതക പ്രകാരമുള്ള യോഗഫലങ്ങള്‍ തടസ്സമില്ലാതെ അനുഭവിക്കുന്നതിനും കുടുംബത്തിന്റെ  പുരോഗതിക്കുമൊക്കെ ധര്‍മ്മദൈവങ്ങളുടെ അനുഗ്രഹാശിസ്സുകള്‍ വേണം. ഇഷ്ടദേവതയെപ്പോലെയോ അതിലും അധികമായോ കുലദൈവങ്ങള്‍ നമ്മെ എപ്പോഴും കാത്തുരക്ഷിക്കുന്നു. ധര്‍മ്മദൈവങ്ങളും ഗുരുകാരണവന്മാരും പലപ്പോഴും നമ്മുടെ ജീവിതയാത്രയില്‍ അംഗരക്ഷകന്മാരെ പോലെയാണ്. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും എല്ലാവരും ധര്‍മ്മദൈവസന്നിധിയിലെത്തി യഥാശക്തി വഴിപാടുകള്‍ കഴിച്ച് തൊഴുത് പ്രാര്‍ഥിച്ചുപോരണം. പൂര്‍വികര്‍ തുടങ്ങിവെച്ച ആചാരനുഷ്ടാനങ്ങള്‍ അതേപടി തുടര്‍ന്നു പോരണം. അനാഥമായി കിടക്കുന്ന ധര്‍മ്മദൈവസ്ഥാനങ്ങളുണ്ടെങ്കില്‍ കുടുംബക്കാര്‍ ഒത്തുചേര്‍ന്ന് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി സംരക്ഷിക്കുകയാണെങ്കില്‍ അത് തറവാടുകള്‍ക്ക് മുഴുവന്‍ ശ്രേയസ്കരമാണ്.