"ലോകാസമസ്താഃ സുഖിനോഭവന്തു:"

Tuesday 14 April 2015

ഗൃഹാരംഭ മുഹൂര്‍ത്തം


          ഏതൊരാളിന്റെയും ജീവിതകാലത്തുള്ള അഭിലാഷപൂര്‍ത്തീകരണങ്ങളില്‍ ഒന്നാണല്ലോ സ്വന്തമായി ഗൃഹം നിര്‍മ്മിക്കുക എന്നത്‌. സാധാരണക്കാരന്റെ വരുമാനപരിധിയില്‍നിന്നുകൊണ്ട്‌ ഐശ്വര്യപ്രദമായ ഒരു വാസസ്‌ഥാനം ഉണ്ടാക്കുമ്പോള്‍ ആദ്യമായി അനുയോജ്യമായ ഭൂമി തെരഞ്ഞെടുക്കണം. ഗൃഹാരംഭത്തിനു പറഞ്ഞിട്ടുള്ള ശാസ്‌ത്രവചനങ്ങള്‍ ഏറിയകൂറും അനുയോജ്യമായി വരുന്ന തീയതി തന്നെ നിശ്‌ചയിച്ച്‌ ഗൃഹാരംഭം കുറിക്കണം.
മാസങ്ങള്‍
        മേടം, ഇടവം മാസങ്ങള്‍ ധനസമൃദ്ധിയും ഐശ്വര്യവും പ്രദാനം ചെയ്യുന്നു. മിഥുനമാസം ശോഭനമല്ല. കര്‍ക്കടകം എല്ലാ വിധത്തിലുമുള്ള നന്മയുമുണ്ടാക്കും. ചിങ്ങമാസത്തില്‍ ഭൃത്യഗുണം, കന്നിമാസത്തില്‍ രോഗദുഃഖവും, തുലാത്തില്‍ സൗഖ്യവും, വൃശ്‌ചികമാസത്തില്‍ ധനധാന്യസമൃദ്ധിയുമുണ്ടാകും. ധനുമാസം വലുതായ നാശത്തെയുണ്ടാക്കും. മകരത്തില്‍ രത്നലാഭവും കുംഭത്തില്‍ സര്‍വ്വഐശ്വര്യങ്ങളും മീനത്തിലായാല്‍ ദുഃസ്വപ്‌നദര്‍ശനവും ഫലങ്ങളായി ശാസ്‌ത്രം പറയുന്നു.
നക്ഷത്രങ്ങള്‍
       അശ്വതി, രോഹിണി, ഉത്രം, ഉത്രാടം, ഉത്രട്ടാതി, മകയിരം, ചോതി, അത്തം, പുണര്‍തം എന്നീ നക്ഷത്രങ്ങള്‍ ഗൃഹാരംഭത്തിന്‌ ഉത്തമങ്ങളാണ്‌. ഊണ്‍നാളുകളും ആപല്‍പക്ഷത്തില്‍ എടുക്കാറുണ്ട്‌.
രാശികള്‍
              ഇടവം, മിഥുനം, ചിങ്ങം, കന്നി, വൃശ്‌ചികം, ധനു, കുംഭം, മീനം എന്നീ എട്ടുരാശികള്‍ ഗൃഹാരംഭരാശികളാണ്‌. സ്‌ഥിരരാശികള്‍ അത്യുത്തമങ്ങളാണ്‌.
ആഴ്‌ചകള്‍
          തിങ്കള്‍ , ബുധന്‍ , വ്യാഴം, വെള്ളി, ശനി എന്നീ അഞ്ചുദിവസങ്ങള്‍ ഉത്തമങ്ങളാണ്‌. ഞായര്‍, ചൊവ്വ ദിവസങ്ങള്‍ വര്‍ജ്‌ജ്യങ്ങളാണ്‌.
വാസ്‌തുപുരുഷന്‍ ഉണരുന്ന സമയം
            മേടം 10-ആം തീയതി 5-ാം നാഴികയ്‌ക്കും ഇടവം 21-ാം തീയതി 8-ാം നാഴികയ്‌ക്കും കര്‍ക്കടകം 11-ാം തീയതി 2-ാം നാഴികയ്‌ക്കും ചിങ്ങം 6-ാം തീയതി 1-ാം നാഴികയ്‌ക്കും തുലാം 11-ാം തീയതി 2-ാം നാഴികയ്‌ക്കും വൃശ്‌ചികം 8-ാം തീയതി 10-ാം നാഴികയ്‌ക്കും മകരം 12-ാം തീയതി 8-ാം നാഴികയ്‌ക്കും കുംഭം 20-ാം തീയതി 8-ാം നാഴികയ്‌ക്കും വാസ്‌തുപുരുഷന്‍ നിദ്രവിടുന്നു. ദന്തശുദ്ധി, സ്‌നാനം, പൂജ, ഭോജനം, താംബൂലചര്‍വ്വണം എന്നീ കാര്യങ്ങള്‍ ഉണര്‍ന്നശേഷം മൂന്നേമുക്കാല്‍ നാഴികകൊണ്ടു നിര്‍വ്വഹിക്കുന്നു. അതില്‍ താംബൂലചര്‍വ്വണം നടത്തുന്ന സമയം ഗൃഹാരംഭത്തിന്‌ ഏറ്റവും ശുഭമാണ്‌. ഭോജന സമയവും നല്ലതായി കണക്കാക്കുന്നു.(മുഹൂര്‍ത്തം ഗണിക്കുമ്പോള്‍ കര്‍ത്രുനക്ഷത്രം വേധനക്ഷത്രം ആണെങ്കില്‍ ഒഴിവാക്കണം)
ഗൃഹാരംഭത്തിന്‌ വര്‍ജ്‌ജ്യമായ സമയങ്ങള്‍
      എല്ലാ മുഹൂര്‍ത്തങ്ങള്‍ക്കും വര്‍ജ്‌ജ്യങ്ങളായ ഉല്‍ക്ക ഭൂകമ്പം, ഗ്രഹണം, ഗുളികോദയം, ആറെട്ടു പന്ത്രണ്ട്‌ രാശികളില്‍ ചന്ദ്രന്‍ നില്‍ക്കുന്ന സമയം, പാപദൃഷ്‌ടിയുള്ള രാശി, പാപന്മാര്‍ നില്‍ക്കുന്ന രാശി, ഗ്രഹം കടന്നുപോയ രാശി, ശുക്രദൃഷ്‌ടി, സന്ധ്യാകാലം, അശുഭയോഗം, ഗണ്ഡാന്തം, ഉഷ്‌ണം, വിഷം, സ്‌ഥിരകരണം, രിക്‌ത, അഷ്‌ടമി, വിഷ്‌ടി, ലാടവൈധൃതങ്ങള്‍ ഏകാര്‍ഗ്ഗളം, അഹിമസ്‌തകം എന്നീ ദോഷങ്ങള്‍ ഗൃഹാരംഭ മുഹൂര്‍ത്തത്തിന്‌ വര്‍ജ്‌ജിക്കണം. ഗൃഹാരംഭത്തിന്‌ എടുക്കുന്ന ലഗ്നരാശിയുടെ നാലാംഭാവത്തില്‍ ഗ്രഹങ്ങളൊന്നും പാടില്ല. പ്രത്യേകിച്ച്‌ പാപഗ്രഹങ്ങള്‍. അഷ്‌ടമത്തില്‍ ചൊവ്വയും വര്‍ജ്‌ജിക്കണം.
ഗൃഹാരംഭമുഹൂര്‍ത്തം നിശ്‌ചയിക്കുമ്പോള്‍ സാമാന്യമായി ചിന്തിക്കേണ്ട സംഗതികള്‍ ഇവയൊക്കെയാണ്‌. മുഹൂര്‍ത്തശാസ്‌ത്രഗ്രന്ഥങ്ങളില്‍ വിവരിക്കുന്ന ഗുണദോഷങ്ങള്‍ പൂര്‍ണ്ണമായി മനസ്സിലാക്കി കൃത്യമായി നിര്‍ണ്ണയിക്കുന്ന ശുഭമുഹൂര്‍ത്തത്തില്‍ ഗൃഹാരംഭം ചെയ്‌താല്‍ ശുഭഫലങ്ങളും ഐശ്വര്യാഭിവൃദ്ധിയും സന്താനഗുണവും ഫലമാകും.


No comments:

Post a Comment